National
ന്യൂഡൽഹി: പശ്ചിമബംഗാൾ ഗവർണർ പദവി ഒഴിഞ്ഞ സി.വി. ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് കത്തയച്ചു. തനിക്ക് നൽകിയ അവസരങ്ങൾക്കും പിന്തുണയ്ക്കും ഹൃദയപൂർവ്വം കടപ്പാട് രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം കത്തെഴുതിയത്. അഞ്ച് വർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കുന്നതിന് മുൻപാണ് അദ്ദേഹം പദവിയിൽ നിന്ന് പടിയിറങ്ങിയത്.
വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് പാർട്ടി നൽകുന്ന ഔദ്യോഗിക വിശദീകരണം. എന്നാൽ, കാലാവധി തീരുന്നതിന് മുൻപുള്ള ഈ സ്ഥാനമൊഴിയലിന് പിന്നിൽ ശക്തമായ രാഷ്ട്രീയ കാരണങ്ങളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഗവർണർ പദവി ഒഴിഞ്ഞ അദ്ദേഹം ഇനി തന്റെ മാതൃസംസ്ഥാനമായ കേരളത്തിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ 'വികസിത് ഭാരത്' ദൗത്യത്തിന്റെ പ്രചാരണവും പ്രവർത്തനങ്ങളുമായി കേരളത്തിൽ സജീവമാകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ ഇറാൻ- ഇസ്രയേൽ സംഘർഷത്തിന്റെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സംഘർഷമേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
ഗൾഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണിത്. കേന്ദ്രത്തിന് എല്ലാ സഹായവും കേരളം വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.
National
ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി യുമാൻ ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
സേവാതീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ഉപമുഖ്യമന്ത്രിമാരായ ബിജെപിയുടെ നെംചാ കിപ്ജെനും നാഗ പീപ്പിൾസ് ഫ്രണ്ടിലെ (എൻഎഫ്പി) ലോസി ഡിഖോയും ഉണ്ടായിരുന്നു.
സംസ്ഥാനത്തു സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സംഘം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മണിപ്പുർ സന്ദർശനത്തിന് മോദിയെ ക്ഷണിക്കുകയും ചെയ്തു.
Kerala
ന്യൂഡൽഹി: വിശുദ്ധ റംസാൻ വ്രതാരംഭത്തിന് തുടക്കമായതോടെ വിശ്വാസികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിൽ ശാന്തിയും സമാധാനവും ഐക്യവും നിലനിൽക്കാൻ ഈ പുണ്യമാസം സഹായിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. റംസാൻ മാസത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് എക്സിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്.
"റംസാൻ ആശംസകൾ നേരുന്നു. ഈ വിശുദ്ധ മാസം ദയയുടെയും ഐക്യത്തിന്റെയും അനുകമ്പയുടെയും ചൈതന്യം നമ്മിൽ നിറയ്ക്കട്ടെ. എല്ലാവർക്കും ആരോഗ്യവും ഐശ്വര്യവും നേരുന്നു" എന്ന് അദ്ദേഹം കുറിച്ചു.
കേരളത്തിലടക്കം ഇന്ന് പുലർച്ചെ മുതൽ വിശ്വാസികൾ വ്രതാനുഷ്ഠാനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. വ്രതശുദ്ധിയുടെ 30 ദിനങ്ങൾക്ക് ശേഷം ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കും. പള്ളികളിലും വീടുകളിലും പ്രാർത്ഥനകൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Movies
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ശിവകാർത്തികേയൻ. പരാശക്തി റിലീസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടയിലാണ് ഈ ഒത്തുചേരൽ.
ഡല്‍ഹിയില്‍ നടന്ന പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ശിവകാര്ത്തികേയന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
കേന്ദ്രമന്ത്രി എല്‍. മുരുകന്റെ വസതിയില്‍ വെച്ചാണ് പൊങ്കല്‍ ആഘോഷം നടന്നത്.
പൊങ്കൽ ആശംസകൾ നേരുന്നതിനൊപ്പം പരാശക്തിയുമായി ഉയർന്നു വരുന്ന വിവാദങ്ങളിലും ശിവകാർത്തികേയൻ പ്രതികരിച്ചു.
''എല്ലാവര്ക്കും പൊങ്കല്‍ ആശംസകള്‍. പരാശക്തിയ്ക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി. ഞാന്‍ വളരെ സന്തോഷവാനാണ്. പൊങ്കല്‍ ഡല്‍ഹിയിലാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നത്.
നമുക്കിടയിൽ പോസിറ്റിവിറ്റി പടരട്ടെ, ഒരു വിവാദവുമില്ല. ആളുകൾ അത് മനസിലാക്കുകയും ശരിയായ രീതിയിൽ എടുക്കുകയും ചെയ്യുന്നു. ഞങ്ങൾ ഉദ്ദേശിച്ചത് ജനങ്ങളിലേക്ക് എത്തുക എന്നതാണ്.
അവർ സിനിമ മുഴുവനായി കണ്ടാൽ അവർക്ക് കാര്യം മനസ്സിലാകും. എനിക്ക് പ്രത്യേകിച്ച് പ്രൊപഗാണ്ട ഒന്നുമില്ല. വിജയ്യുടെ രാഷ്ട്രീയ യാത്രയ്ക്ക് വ്യക്തിപരമായും സോഷ്യൽ മീഡിയയിലൂടെയും ഞാൻ ആശംസകൾ നേർന്നിരുന്നു. അദ്ദേഹത്തിന്റെ സിനിമ ഉടൻ റിലീസ് ചെയ്യും''. ശിവകാർത്തികേയൻ പറഞ്ഞു.
ആഘോഷത്തില്‍ ശിവകാര്‍ത്തികേയന്റെ കുടുംബവും നടന് രവി മോഹനും അദ്ദേഹത്തിന്റെ സുഹൃത്ത് കെനീഷ ഫ്രാൻസിസും പങ്കെടുത്തു.
National
ന്യൂഡൽഹി: 2025 രാജ്യത്തെ സംബന്ധിച്ച് നേട്ടങ്ങളുടെ വർഷമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷത്തെ അവസാന മൻ കീ ബാത്തിലാണ് 2025ലെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചത്.
ഓപ്പറേഷൻ സിന്ദൂർ ഓരോ ഇന്ത്യക്കാർക്കും അഭിമാനത്തിന്റെ പ്രതീകമായി മാറി. ദേശീയസുരക്ഷയിൽ ഒത്തുതീർപ്പിനില്ലെന്ന് ലോകത്തെ നമ്മൾ കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 ഇന്ത്യയുടെ കായികമേഖലയ്ക്കും അവിസ്മരണീയമായിരുന്നു.
പുരുഷ ക്രിക്കറ്റ് ടീം ഐസിസി ചാമ്പ്യൻസ് ട്രോഫി നേടി. വനിതാ ടീം ലോകകപ്പ് നേടിയതും ഈ വർഷമാണെന്ന് മോദി പറഞ്ഞു. രാജ്യത്തെ ഭാഷകൾ വരും തലമുറയെ പഠിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
തമിഴ് ഭാഷയുടെ മഹത്വത്തെ കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി കാശി തമിഴ് സംഗമത്തെ പുകഴ്ത്തി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2026 പ്രതീക്ഷകളുടെ വർഷമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ബിഹാറിന്റെ വികസനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.
നിതീഷ് പത്താം തവണയും അധികാരമേറ്റതിനുശേഷം ഡല്‍ഹിയില്‍ നടന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ആഭ്യന്തരമന്ത്രി അമിത്ഷായുമായും നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി. ഉപമുഖ്യമന്ത്രി സാമ്രാത് ചൗധരി, കേന്ദ്രമന്ത്രി ലലന്‍ സിംഗ് എന്നിവരും നിതീഷിനൊപ്പമുണ്ടായിരുന്നു.
അതേസമയം ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെ പുകഴ്ത്തി ശശി തരൂര്‍ രംഗത്തെത്തി. മുന്‍പ് ബിഹാറിലെ സ്ഥിതി മോശം ആണ് എന്ന് താന്‍ കേട്ടിട്ടുണ്ട്. ഇന്ന് ബിഹാറിലെ സ്ഥിതി മെച്ചപ്പെട്ടു. ബിഹാറില്‍ നല്ല റോഡുകള്‍ ഉണ്ട്. വൈദ്യുതിയും വെള്ളവും ലഭിക്കുന്നുവെന്നും തരൂർ പറഞ്ഞിരുന്നു.
NRI
കാൻബറ: രാജ്യത്ത് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ബോണ്ടി ബീച്ചിൽ യഹൂദർക്കെതിരേ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണു നടപടി.
വിദ്വേഷം, ഭിന്നത, മൗലികവാദം എന്നിവ പ്രചരിപ്പിക്കുന്നവരെ നേരിടാനായി പ്രത്യേക നിയമങ്ങളുണ്ടാക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കു വീസ നിഷേധിക്കാനുള്ള അധികാരം ആഭ്യന്തരമന്ത്രിക്കു നല്‍കും. വിദ്യാഭ്യാസ സംവിധാനങ്ങളിൽ യഹൂദവിരുദ്ധത ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനായി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും.
അക്രമത്തെ പിന്തുണയ്ക്കുന്ന പുരോഹിതരിൽനിന്നും നേതാക്കളിൽനിന്നും പിഴ ഈടാക്കാനുള്ള നിർദേശവും നിയമത്തിലുണ്ടാകും. ഓസ്ട്രേലിയയിലെ ഓരോ യഹൂദനും സുരക്ഷാബോധത്തോടെ ജീവിക്കാനും ബഹുമാനം ലഭിക്കാനും അവകാശമുണ്ടെന്നു പ്രധാനമന്ത്രി ആൽബനീസ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യക്കാരനായ സാജിദ് അക്രമും ഓസ്ട്രേലിയൻ പൗരത്വമുള്ള മകൻ നവീദ് അക്രമും ചേർന്നു നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്.
യഹൂദവിരുദ്ധത തടയാനായി ജൂലൈയിൽ മുന്നോട്ടുവച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും ആൽബനീസ് അറിയിച്ചു.
യൂണിവേഴ്സിറ്റികളെയും കലാസംഘടനകളെയും നിരീക്ഷണവിധേയമാക്കാനും ആവശ്യമെങ്കിൽ ഫണ്ട് നിരസിക്കാനുമുള്ള നിർദേശങ്ങളാണു റിപ്പോർട്ടിലുള്ളത്.
International
ഇസ്ലാമാബാദ്: കോടതി സമുച്ചയത്തിന് സമീപത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപണം ഉന്നയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനമുണ്ടായത്.
പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിലായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ പാക് പ്രധാനമന്ത്രിയുടെ ആരോപണം ഇന്ത്യ തള്ളി. ഷഹബാസ് ഷരീഫ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സ്വന്തം പൗരന്മാരെ തെറ്റിധരിപ്പിക്കാനുള്ള പതിവ് തന്ത്രമാണിത്. അന്താരാഷ്ട്ര സമൂഹത്തിന് യാഥാർഥ്യം അറിയാമെന്നും ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Kerala
തിരുവനന്തപുരം: ഡിസംബർ നാലിന് ശംഖുംമുഖത്ത് നടത്തുന്ന നാവികസേനാദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ആഘോഷത്തിനായി നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും തലസ്ഥാനത്തെത്തും.
സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധ ശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങളും അരങ്ങേറും. ആഘോഷത്തിനു മുൻപുള്ള ദിവസങ്ങളിൽ സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുമുണ്ടാകും.
പതിവായി ഡൽഹിയിൽ നടത്തിയിരുന്ന സേനാദിനാഘോഷം 2022 മുതലാണ് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കു മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ദിനാഘോഷത്തിന്റെ ഭാഗമായി ശംഖുംമുഖം തീരം മോടികൂട്ടുന്ന ജോലികൾ തുടരുകയാണ്.
14 കോടി രൂപയോളം ചെലവിട്ടാണ് തീരം നവീകരിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡ് മുതൽ സുനാമി പാർക്കിനു സമീപംവരെ 370 മീറ്ററാണ് നവീകരിക്കുന്നത്. മുൻപുണ്ടായിരുന്നതുപോലെ പടികളും റാമ്പും നിർമിക്കും.
കടലേറ്റത്തിലാണ് ശംഖുംമുഖത്തുണ്ടായിരുന്ന പടികൾ തകർന്നത്. സ്റ്റേഡിയത്തിന്റെ ഗാലറി പോലെ ആറു പടികളാണ് നിർമിക്കുക. ഇതിനു താഴെ കല്ലുകളിട്ട് തിരയടി തടയാനുള്ള സംവിധാനമുണ്ടാക്കും. കടലേറ്റമുണ്ടാകുന്ന സമയങ്ങളിൽ പടികളെ സംരക്ഷിക്കാനാണ് കല്ലിടുന്നത്.
അല്ലാത്ത സമയത്ത് തീരത്ത് മണ്ണടിയുമെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നേവി ദിനാഘോഷത്തിന്റെ ഭാഗമായി ജിയോബാഗുകളുപയോഗിച്ചാവും തീരം ശക്തിപ്പെടുത്തുക.